Sunday, September 8, 2013

പെയ്തിറങ്ങിയ നിലാവും കടം വാങ്ങിയ കട്ടിലും ..

പെയ്തിറങ്ങിയ നിലാവും
കടം വാങ്ങിയ കട്ടിലും ..
..............................
..........................
കവിത
ടി . സി . വി . സതീശൻ

ഓട്ടവീണ ആകാശത്ത്‌
നക്ഷത്രങ്ങൾ ക്ഷോഭിച്ചു
'നിലാവ് ' ഇതെന്റെ ഔദാര്യമാണ്‌
ഇരുമ്പാണികൾ തറച്ച മരക്കുരിശിൽ
യേശുദേവന്റെ ദേഹം ഒന്നുകൂടി പുളഞ്ഞു
ആഗോളീകരിച്ച സ്വപ്നങ്ങൾ
ഉദാരീകരണത്തിന്റെ കയറ്റു കട്ടിൽ
കടംകൊണ്ട കിടപ്പു കട്ടിലിൽ -
ഞാനാകാശത്തെ നോക്കി കിടന്നു
മിന്നുന്ന താരകങ്ങൾ മിന്നല് പൊഴിക്കുന്നു
നിലാവുകൊണ്ട് ഓട്ടയടച്ച ആകാശം
മുഖത്തു ചായം തേച്ച മാലാഖമാർ
സ്വർഗ്ഗസ്ഥനായ പിതാവ് വാഴ്ത്തപ്പെട്ടു

ആകാശത്തെ പാമ്പ് വിഴുങ്ങി
മിന്നൽ ഇടിക്കായി കാത്തുനിന്നില്ല
മഴയ്ക്കു മുമ്പേ ആടിത്തീർക്കേണ്ടതിനാൽ
ഒപ്പത്തിനൊപ്പം ചൂട്ടുകുത്തി ചെണ്ടകൊട്ടി


പാതിരാത്രി തീർന്നില്ല -
കടം വാങ്ങിയ കട്ടിലിന്റെ കാലൊടിഞ്ഞു
ഉയിർത്തെഴുന്നേൽപ്പു കാത്തു
മരക്കുരിശിൽ പിതാവ് വേദനിച്ചു പുളയുന്നു
'നിനക്കിത്രയും മതി - '
നക്ഷത്രങ്ങൾ നിലാവിനെ മടക്കിവിളിച്ചു
മാലാഖമാർ വന്നവഴിയേ തിരിച്ചുപോയി
തുളവീണ ആകാശം നിലം പൊത്തി ..

..............................................................................

ടി . സി . വി . സതീശൻ
ശ്രീരേഖ
അന്നൂർ ( പോസ്റ്റ്‌ )
പയ്യന്നൂർ - 670307
മൊബൈൽ : 9447685185

Monday, January 21, 2013

വിധിയും വിചാരവും

വിധിയും വിചാരവും 
.........................................................................................
 കവിത
ടി.സി.വി.സതീശന്‍



കോടതിമുറിയില്‍
വിചാരണവേളയില്‍
പെണ്‍പൂച്ച മോങ്ങി
മ്യാവൂ ..

പറക്കമുറ്റ വവ്വാലുകള്‍
കറുത്ത ചിറകുകളടിച്ച്
മുനകൂര്‍ത്ത വാദങ്ങള്‍ തീര്‍ത്തു
"കടുത്ത ശിക്ഷ വേണം "

നഗരവേഗതയുടെ
സൂചിമുനകളൊടിച്ചതും
വാഹനങ്ങള്‍ തമ്മിലിടിപ്പിച്ചതും
ജനത്തെ ചിതറിയോടിച്ചതും പെണ്‍പൂച്ച
"ചാവുംവരെ കഴുത്തില്‍ കയര്‍ കുടുങ്ങണം "

മ്യാവു .. മ്യാവൂ
പെണ്‍പൂച്ച വീണ്ടും വിതുമ്മി

റോഡിനു കുറുകെ ചാടിയത്
പ്രാണഭയം കൊണ്ട് ..
ജീവഭയം കൊണ്ട് ..
ഒളിച്ചിരുന്ന ആണ്‍പൂച്ചകള്‍
ഭയം വിതച്ചതിനാല്‍

വിസ്താരമൊഴികള്‍ തീര്‍ന്നു
വിധിയിങ്ങിനെ ..

പെണ്‍പൂച്ചകള്‍ക്ക്
റോഡ്‌ സുരക്ഷാ നിയമങ്ങള്‍
പഠിപ്പിച്ചു കൊടുക്കുക
രാത്രി സഞ്ചാരമരുത്

മ്യാവു .. മ്യാവൂ
കോടതി പിരിഞ്ഞു
ആണ്‍പൂച്ചകള്‍ക്ക്
പുതിയ ആകാശം തേടി
കറുത്ത ചിറകുകളില്‍
വവ്വാലുകള്‍ ഉയരങ്ങളിലേക്ക് പറന്നു .
..............................

............................

ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ്‌ : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185

Wednesday, January 16, 2013

കാറ്റ് പുഴയോടും മഞ്ഞിനോടും പറഞ്ഞത്

കാറ്റ് പുഴയോടും മഞ്ഞിനോടും പറഞ്ഞത്

.................................................................................................................


 
 
ആര്‍ത്തുമദിച്ച യൗവ്വനത്തില്‍
ഉഷ്ണപ്പുണ്ണു പിടിച്ച വാര്‍ദ്ധക്യത്തെ
നീ കണ്ടിരുന്നില്ല
ആറ്റുമണലൂറ്റിയ നിന്റെ കാമുകന്‍
ഊറ്റിയെടുത്തത്
നിന്നെ തന്നെയാണെന്നതും നീയറിഞ്ഞില്ല

മഞ്ഞേ ..
തലയില്‍ ചൂട് പുകയുമ്പോള്‍
നീയവന് കുളിരായി
നിന്റെ കുളിരില്‍
അവന്‍ മറ്റൊരു ചൂട് തേടിയത് നീയറിഞ്ഞില്ല
അപ്പോഴും നീ
മഞ്ഞാണ് , കുളിരാണ് എന്നഹങ്കരിച്ചു

കാലം പഴയതല്ല
കണ്‍വെട്ടത്തു കാണുന്നതെല്ലാം സത്യവുമല്ല
സൂര്യന്റെ ചൂടിനെ പകല് മറച്ചുവെയ്ക്കുകയാണ്
രാവും പകലും ഇരുളായി തീരുകയാണ്
പുഴ പുഴയും മഞ്ഞ് മഞ്ഞുമായിരിക്കുക
ആര്‍ദ്രത വേവുന്ന തീയിലെക്കുള്ള
താക്കോല്‍ പഴുതാണെന്ന് അറിഞ്ഞിരിക്കുക .

..............................................................................

Saturday, January 12, 2013

അരിമണികളും അരിപ്രാവുകളും

അരിമണികളും അരിപ്രാവുകളും
....................................................................................

ടി.സി.വി.സതീശന്‍



മുറ്റത്ത് ത്രാവിയിട്ട
നെല്ലുചിനക്കുമ്പോള്‍
അരിപ്രാവുകളുടെ ഉള്ളില്‍
അരിമണികളായിരുന്നു
അന്നത്തെ അന്നാഹാരമായിരുന്നു

മടിക്കുത്തഴിഞ്ഞപ്പോള്‍
നാഭിയില്‍ കൈയ്യമര്‍ന്നപ്പോള്‍
അയാള്‍ക്ക്‌ കാളയുടെ കരുത്ത്
വിയര്‍പ്പില്‍ കുളിര്‍ത്ത
അവളുടെ ഉള്ളില്‍ ..
അന്നത്തെ അരിയാഹാരമായിരുന്നു

അന്നേക്കുപോലും
തികച്ചുണ്ണാന്‍ അവള്‍ക്കായില്ല
അരിപ്രാവുകള്‍ക്കും ..
നെല്ല് ചിനച്ചതും ഉടുമുണ്ടഴിച്ചതും
അന്നേരത്തെ അരിയാഹാരത്തിന്

അപ്പം ചുട്ടപ്പോള്‍
കണ്ണന്‍ ചിരട്ടയ്ക്ക്‌ സന്ദേഹം
കുട്ടിയ്ക്ക് വിശക്കുന്നുണ്ടാവുമോ ?
കളിമണ്ണു കൊണ്ട് വയറ്റിലെ തീ
കെടുത്താനുള്ള വിദ്യ എനിക്കറിയില്ലല്ലോ?
കണ്ണില്‍ ആര്‍ത്തി പെയ്തിറങ്ങിയ
കുട്ടി കൈകൊണ്ട് വയറു തടവി

വെളുത്ത അരിമണികള്‍
പശിയടക്കിയ വയര്‍
ഇരുട്ടകന്ന അടുക്കള ..
അരിപ്രാവുകള്‍ ക്രാവി
കുട്ടി വയറ്റത്തടിച്ചു
ഉടുമുണ്ടഴിയാതിരിക്കാന്‍
അവള്‍ ചേല മുറുക്കിപ്പിടിച്ചു
..............................
............................

വായിക്കപ്പെടാത്ത പുസ്തകം

വായിക്കപ്പെടാത്ത പുസ്തകം
......................................................................................



ഉരുട്ടിയെഴുതുക
വരികള്‍ക്കിടയില്‍
ഒതുക്കത്തോടെ എഴുതുക
അമ്മ അതുപറഞ്ഞപ്പോള്‍
കയ്യെഴുത്ത് നന്നാവാ
നായിരിക്കുമെന്ന് അവള്‍ കരുതി

പ്രായമേറെക്കഴിഞ്ഞില്ല
അമ്മ പറഞ്ഞതിന്റെ
മറ്റേ പൊരുളെന്തെന്ന്
അവളറിഞ്ഞു ..

തലക്കരുത്തും തടിക്കരുത്തും
തനിക്കരുത്തും ആണിനതാവാം
പെണ്ണിനത്രേം വേണോ ?
അച്ഛന്‍ സംശയിച്ചു ..
അവള്‍ വെറുതെ ചിരിച്ചതേയുള്ളൂ

ഒറ്റക്കാലില്‍ നില്‍ക്കണം
ഭര്‍ത്താവതു പറഞ്ഞപ്പോള്‍
അവള്‍ കരുതി
സ്നേഹം കൊണ്ടായിരിക്കണം
കാലം അധികമുരുണ്ടില്ല
രണ്ടുകാലിലവള്‍ നിവര്‍ന്നു നിന്നാല്‍
ആകാശം ഇടിഞ്ഞുവീഴുമത്രേ

മുനപൊട്ടി തേഞ്ഞുപോയ
കുറ്റിപ്പെന്‍സിലില്‍ നിന്നും
വഴുതിപ്പോയ അക്ഷരങ്ങള്‍ ചേര്‍ത്ത്
അവളൊരു പുസ്തകം രചിച്ചു
ആരും കാണാതിരിക്കാന്‍
വെളിച്ചത്തില്‍ നിന്നും മറച്ചു പിടിച്ചു
.............................................................

ആലീസും കിളികളും

ആലീസും കിളികളും
........................................................


ആകാശം
പകുത്തുകൊടുക്കാന്‍
അരമനകള്‍ തീരുമാനിച്ചപ്പോള്‍
അടിച്ചുതളിക്കാരി ആലീസ് ചോദിച്ചു
എന്റെ പങ്ക് ..?

വിശുദ്ധ വസ്ത്രമണിഞ്ഞ
വേദസൂക്തങ്ങളുരുരുവിടുന്ന
ദൈവത്തിന്റെ ആള്‍രൂപം പറഞ്ഞു
നീ പെണ്ണല്ലേ ..
നാലാം വേദക്കാരിയല്ലേ ?
നിനക്കെന്തിനു ആകാശം ..?

വിശുദ്ധ വനങ്ങള്‍
പങ്കിട്ടെടുത്തപ്പോള്‍
കിളികള്‍ ചോദിച്ചു
ഞങ്ങളുടെ പങ്ക് ..?
നിങ്ങള്‍ വെറും കിളികളല്ലേ ,
പരന്ന ആകാശം നിങ്ങളുടേത് ,
അരമന മൊഴി അതായിരുന്നു .

ഭൂമിയുടെ പങ്കിട്ടെടുപ്പില്‍
ആലിസ് ആകാശത്തിനു
കീഴെയുള്ള തൂപ്പുകാരിയായി
കിളികള്‍ ആകാശത്തെ പറവകളായി
ആരും അഞ്ചപ്പം കൊണ്ട്
ആലീസിനെ ഊട്ടിയില്ല
വെള്ളം വീഞ്ഞായതുമില്ല
കിളികള്‍ ആകാശത്തു പറന്നു
ആലിസ് ഭൂമിയിലെ തൂപ്പ് തുടര്‍ന്നു

...................................

വെര്‍ജിനിറ്റി

വെര്‍ജിനിറ്റി
........................



മകളെ ..,
വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം

നിന്റെ ഓരോ ചവിട്ടടിപ്പാതയിലും
ഓര്‍മ്മപ്പെടുത്തുന്നതും
നിന്നെ ഭയപ്പെടുത്തുന്നതുമായ
കറുത്ത പേടകം

നീയാണൊരുത്തനോട് 
മിണ്ടിയാല്‍ ഉടഞ്ഞുപോകാവുന്നത്
പതിനാലു കള്ളന്മാരിലൊരുത്തന്‍
കറുത്ത പേടകത്തിന്‍ താഴ് തുറയ്ക്കുന്നത് കാത്ത്
കണ്ണുകളും കാതുകളും
ചുറ്റും കാവലിരിക്കുകയാണ്

നിരത്തുവക്കില്‍
നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍
നീളുന്ന ഖര പ്രഭാഷണങ്ങള്‍
തെരുവില്‍ നാല് മെഴുകുതിരികള്‍ 
ഗ്ലിസ്സറിന്‍ തേച്ച കണ്ണുകളില്‍
കിനിഞ്ഞിറങ്ങുന്നു പൊയ്ക്കണ്ണീര്

ചാരമാകാന്‍ വിസമ്മതിക്കുന്ന കനലുകള്‍
തോരാതെ പെയ്യുന്ന കണ്ണുനീരില്‍
അണയാന്‍ കൂട്ടാക്കാത്ത നിന്നെരിവുകള്‍
മകളായി , മരുമകളായി
കൂട്ടാന്‍ ആണൊരുത്തന്‍ കാണില്ല
കൂടെ പെണ്ണൊരുത്തിയും  കാണില്ല

വെര്‍ജിനിറ്റി
ഇരേഴു പതിനാലു കള്ളനുകളാല്‍
പൂട്ടിയിട്ട കറുത്ത പേടകം
രാവും പകലും
നീ കരുതിയിരിക്കേണ്ട കറുത്ത പേടകം .
.......................................................
* കള്ളന്‍ = താഴിനകത്തെ ലിവര്‍

തെരുവ് .. യുദാസുമാരുടെ സംരക്ഷണയിലാണ്

തെരുവ് ..
യുദാസുമാരുടെ സംരക്ഷണയിലാണ്
....................................................................

 

തെരുവില്‍ ഉറച്ചവര്‍ക്കും
തെരുവ് പുറന്തള്ളിയവര്‍ക്കും
ഒരേ മുഖമാണ് ..

കവിളൊട്ടിയ
കനിവു കിനിഞ്ഞ ക്രൂശിതന്റെ മുഖം
കുരിശു ചുമക്കുന്നവന്റെയൊ
കുരിശില്‍ തറയ്ക്കപ്പെട്ടവന്റെയോ
അതേ  ദൈന്യത ..

വശംകെട്ട
വശപ്പെടുത്തലില്‍
തോരാക്കണ്ണീര്
തോര്‍ന്നൊലിക്കുകയാണ്
ചത്ത കണ്ണുകളില്‍
ദൈന്യത തളംകെട്ടി നില്‍ക്കയാണ്‌

യൂദാസുമാരുടെ
സംരക്ഷണയിലാണ്
ഇന്ന് തെരുവ് ..
ഒറ്റുകൊടുപ്പ് ഗീതം
സാര്‍വ്വത്രികമായി ആലപിക്കപ്പെ

ടുന്നു

ഉയിര്‍ത്തെഴുന്നേല്‍പ്പ്
നടക്കാക്കിനാവു മാത്രം
തെരുവ് ..
യുദാസുമാരുടെ സംരക്ഷണയിലാണ്
ഒറ്റുകൊടുപ്പിന്റെ
പരക്കം പാച്ചിലിലാണ് എല്ലാവരും .

..............................
.................................