Wednesday, February 12, 2014

പാസ്സഞ്ചർ ട്രെയിനിലെ ഒരു സാധാരണ യാത്രക്കാരി
................................................................................

 

ഇരിക്കുന്നൂ ,
ഒരു മാന്യനടുത്തു -
തൂവെള്ള വസ്ത്രത്തിൽ പൊതിഞ്ഞ്,
ശശിബിംബം പോൽ ചിരിച്ചിടുന്നു

തിരക്കേറുന്നൂ തീ പേറും വണ്ടിയിൽ,
ചിലമ്പിച്ച ബോഗികൾ ഇരുളിലേക്കു പായുന്നു,
ഒരു ദൃഡ പേശിയെൻ മാറിലേക്കു ചായുന്നു
ഒളിക്കണ്ണിൽ തെളിയുന്നൂ നിലാവെളിച്ചം

അടുത്തിരിക്കുന്നവന്റെ വായനാറ്റം,അവൻ -
തുറിച്ച കണ്ണിലെ കാമക്കുരുക്ക്,വിയർപ്പുനാറ്റം
തുരുമ്പിച്ച ബോഗികളിൽ തീ വേവുന്നു,
തുരുമ്പെടുക്കുന്നൂ നിശ്വാസങ്ങൾ വെന്തുടയുന്നു

അരക്കെട്ടിൽ / മടിക്കുത്തിൽ ചൊറിയുന്നൂ,
നഖങ്ങൾ കോറുന്നു അവൻ തിരക്കിലെന്നോണം
അകലേക്കു നിന്നപ്പോൾ മറ്റൊരുവൻ കൈകൾ
ചലിക്കുന്നു ധ്രുത താളത്താൽ തൻ നിതംബത്തിൽ

ഇരിക്കപ്പൊറുതിയില്ല,
പെണ്ണിവൾക്കു നിക്കപ്പൊറുതിയുമില്ല,
ഇരുട്ടിലേക്കു തീ തുപ്പി തീവണ്ടി പായുന്നു
വിളിപ്പാടകലത്തു ഒരു സ്റ്റേഷൻ തെളിയുന്നില്ല
ഇറങ്ങാനുള്ള സ്റ്റേഷന് പതിവിലും അധികദൂരം

ജീവിതം പോൽ ദുഷ്ക്കരം ദുരിത പൂർണ്ണമീ യാത്ര,
തുരുമ്പിച്ച വണ്ടിയിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തീരുന്നു