Saturday, May 26, 2012

രുദ്രാക്ഷ വഴികള്‍...........................
കവിത 

.....................................
ടി.സി.വി.സതീശന്‍
..............................
...............

ഗൌതമാ ..
നീര്‍വ്വാണന്‍ നീ
ബോധ ദീപ്തന്‍ ശ്രീ ബുദ്ധന്‍
സത്യമേതെന്നുമെന്തെന്നുമന്വേഷിച്ചവന്‍
പൂര്‍ണ്ണ ജ്ഞാനത്തിനായി നിലകൊള്ളുന്നവന്‍
സ്വയം ഉത്ബോധിതന്‍ നീ സമ്പൂജ്യന്‍

നരകവഴിയില്‍ നിന്നൊന്നു മാറീടുവാന്‍
നീര്‍വ്വാണ സമക്ഷത്തിങ്കല്‍ അലിഞ്ഞില്ലാതാവാന്‍
ഇരുള്‍മൂടുമീ മനസ്സിന്നൊരു വെളിച്ച വഴി ചൊല്ലീടുക
ആശയാല്‍ വെറുപ്പാല്‍ അവജ്ഞ്ഞയാല്‍
തളരുമീ മനസ്സില്‍ നിന്നൊരു മോചനം
മടുത്തുയീ തീരാ ദൂരങ്ങളാം രുധിരവഴികള്‍
പൂര്‍ണ്ണജ്ഞാനി നീ , ചൊല്ലുക
മറുകരയ്ക്കുള്ള  വഴിയേതെങ്കിലും

കണ്ണ് കണ്ണിനെ ,
കാത് കാതിനെ ,
സംശയത്തിന്‍ മുള്‍മുനയില്‍ നിര്‍ത്തുമീ
നോവുജീവിതം തീര്‍ക്കും പകലുകള്‍
കൂരിരുള്‍ പടരുന്നുവല്ലോ നിത്യവും

വയ്യായെനിക്കിനീ നോവുനീറും
നൊമ്പരത്തെ താങ്ങിടുവാന്‍
വയ്യാ , കൊലയുടെ ,
ചതിയുടെ യീ രുധിരവഴികള്‍ താണ്ടിടാന്‍
ഗൌതമാ.. വഴി തുറന്നേ തരിക നീ
മറു കരയ്ക്കുള്ളോരു വെട്ടം തെളിച്ചീടുക

ഗൌതമാ ..
നേരിന്‍റെ നാരായ വഴിയേതു 
നീര്‍വ്വാണത്തിലേക്കുള്ള രുദ്രാക്ഷ വഴിയേത് 
ബോധ ദീപ്തിയിലേക്കുള്ള സത്യ വഴിയേതെന്ന്
ചൊല്ലുക  നീ ..
.....................................................................
t.c.v.satheesan
sreerekha
po : annur
payyanur - 670307
mob no :9447685185

Friday, May 18, 2012

അകക്കണ്ണ്: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!

അകക്കണ്ണ്: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !! .............................. ..... തെങ്ങില്‍ നിന്നും വീണു രാമന്‍ കാലൊടിഞ്ഞു വേദന കൊണ്ട...

ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!

ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!
...................................


തെങ്ങില്‍ നിന്നും വീണു രാമന്‍ 
കാലൊടിഞ്ഞു വേദന കൊണ്ട് പുളയുന്നു
അയാളെ നോക്കി അവര്‍ പറഞ്ഞു
ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ ,
സമാധാനപ്പെടുക ..

പുഴയില്‍ വീണു മരിച്ച
കുട്ടിയുടെ അമ്മ രഞ്ജിനി നെഞ്ചു പൊട്ടി കരയുന്നു
വിധി , ദൈവത്തിനു നന്ദി പറയുക
അവര്‍ സമാശ്വസിപ്പിച്ചു

അമ്പത്തിയൊന്നു വെട്ടുകളേറ്റ്
മുഖം വികൃതമാക്കപ്പെട്ടു കൊല്ലപ്പെട്ടവന്‍റെ ഭാര്യയോടു ,
അച്ഛന്‍റെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന മകനോട്‌
അവര്‍ പറഞ്ഞു ... വിധി ,
അച്ഛന്‍ രക്തസാക്ഷിയാണ്
ഭര്‍ത്താവ് രക്തസാക്ഷിയാണ്
രക്തസാക്ഷിയാവുക ചെറിയ കാര്യമല്ല

വിധി , ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ
സുരക്ഷിതമായ ഈ മൂന്നു വാക്കുകളില്‍ കുടുക്കി
ജീവിതം ആടിത്തീര്‍ക്കുകയും
ആഘോഷിക്കുകയും ചെയ്യുകയാണ്    നമ്മള്‍ .

ഒരു ദിവസം വിധി
നമ്മോടു ചോദിച്ചേക്കാം
ആയ കാലത്ത്  ഒന്നും ചെയ്തില്ലല്ലോ
പിന്നെ എന്തിനീ കണ്ണീരു പൊഴിക്കുന്നു ?
ഉത്തരം മുട്ടി അന്നു നമുക്ക് പറയാം
ദൈവം കാത്തു ,
വിധി ., ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ .

Sunday, May 13, 2012

ഉത്തരയുടെ വിലാപം

ഉത്തരയുടെ വിലാപം
.........................................


സുഭദ്രേ , നീയുറങ്ങുകയാണോ
പാര്‍ഥന്‍ വിലപിച്ചു
വ്യൂഹങ്ങള്‍ കടക്കേണ്ട വഴികള്‍ തീര്‍ന്നില്ലല്ലോ
മകര ,കൂര്‍മ്മ , സര്‍പ്പ വ്യൂഹങ്ങള്‍ കടന്നതല്ലേയുള്ളൂ
താണ്ടാന്‍ ഇനിയുമെത്ര ദൂരങ്ങള്‍ കിടക്കുന്നൂ സഖേ

ചക്രവ്യൂഹത്തിലകപ്പെട്ടവന്‍ അഭിമന്യൂ
ചതിയാല്‍ അവന്‍ കവച കുണ്ഡലങ്ങള്‍ അഴിഞ്ഞു വീണതും
കൊടുംചതിയുടെ ഗദയാല്‍ പിളര്‍ന്ന
തലയില്‍ നിന്നൊഴുകും നിണത്തെ നോക്കി ഗുരുവരന്‍
തന്ത്ര  കുതത്ര കുലപതി ദ്രോണന്‍
കണ്ണിറുക്കി മോണകാട്ടി ചിരിച്ചൂ ,രസിച്ചൂ

വിരശൂരനാം കര്‍ണ്ണാ
നാണമില്ലല്ലോ നിനക്കീ കൊടുംവഞ്ചനക്ക് കൂട്ടിരിക്കുവാന്‍
പിന്നില്‍ നിന്നുമെയ്തോരമ്പിലെ
വീര പരാക്രമം നാളെയെങ്ങിനെ നാലാള്‍
കൂടിയിരുന്നു പറയുമെന്നത് ഓര്‍ത്തതേയില്ല നീയ്

ദുശ്ശാസനപുത്രനവന്‍
വേണ്ടാ വേണ്ടയധികം പറയേണ്ടതില്ല
നേരെന്ത് നെറിയെന്തെന്നതേതു മറിയാത്ത   
ദുര്‍മ്മോഹകാരന്‍ ദുശ്ശാസനന്‍ തന്നെയല്ലോ അവന്‍ തന്ത

ഒഴുകുന്ന നിണത്തില്‍
പിടയുന്ന കഴുത്തില്‍ നോക്കി
ഉത്തരയവള്‍ നെഞ്ചത്തടിച്ചു വിലപിച്ചൂ
തീയാണ് കണ്ണില്‍ ചുടുനീരാണുതിരുന്നതു
ഇല്ല തളിര്‍ക്കില്ലൊരു പച്ചപ്പുമീ ഭൂവില്‍

പാര്‍ത്ഥാ ..
നിയിതൊന്നും കേള്‍ക്കുന്നതും കാണുന്നതുമില്ലേ
എന്തെങ്കിലുമൊരുത്തരം നല്‍കീടുകയുടന്‍
ഉത്തരമില്ലാത്ത അവള്‍ തന്‍ ചോദ്യശരങ്ങള്‍ക്കു
പാതി വെച്ചൊഴിഞ്ഞ മാര്‍ഗ്ഗങ്ങള്‍
നീ പതിയെ ചൊല്ലികൊടുക്കുക കാതില്‍
നേരിന്‍റെ നേര് പറഞ്ഞുകൊടുക്കുക

ഉത്തര തന്‍ കണ്ണീര്‍ശാപമേറ്റു കരിയും
ഈ പച്ചപ്പിനെ കാത്തു കൊള്ളുക പാര്‍ത്ഥാ 
വേണ്ടായിനിയൊരു നിണബലി, നരബലി
വേണ്ടാ നമുക്കു ചതിയില്‍ പൂണ്ടൊരു ശത്രുരാജ്യവും 
നേരിന്‍റെ നെറിയുടെ നാട്ടില്‍ നേരല്ലാത്തതൊന്നും വേണ്ടാ

സുഭദ്രേ , എഴുന്നേല്‍ക്കുക
പാതി മറഞ്ഞ സത്യത്തെ കേട്ടുകൊള്‍ക നീ
പടര്‍ക്കളത്തില്‍ ചതിയാല്‍ പിടയും
ഇനിയൊരഭിമന്യുവിനെ പെറ്റിടാതെ നോക്കീടുക
പച്ചയാം പച്ചപ്പില്‍ ചോരവീണു ചുവക്കാതെ നോക്കുക നീയ്

എല്ലാം കണ്ട് ഉള്ളില്‍ ചിരിക്കും കൃഷ്ണാ
ഉത്തരയവള്‍ തന്‍ പതിയെ കൊടുക്കുവാന്‍
എന്തുണ്ട്  നിന്‍കയ്യില്‍ ആ കള്ളച്ചിരിയല്ലാതെ
ഉപദേശങ്ങളുടെ ഉപദേശീ
നിനക്ക് നമോ :വായം ചൊല്ലുന്നു ഈയുള്ളവന്‍ .

Saturday, May 12, 2012

പോര്‍ട്രെയിറ്റ്

പോര്‍ട്രെയിറ്റ്

................................
കവിത
ടി.സി.വി.സതീശന്‍
..............................


അയാള്‍ മാര്‍ക്സിനെ കുറിച്ച് പറഞ്ഞു
ഏംഗല്‍സിനെ കുറിച്ച് പറഞ്ഞു
മൂലധനത്തിന്‍റെ ഉദ്ധരണികള്‍ ചൊല്ലി
മുഷ്ടി ചുരുട്ടി കൈകള്‍ ആകാശത്തേക്കെറിഞ്ഞു
ഞാനും അതേറ്റു വിളിച്ചു
എനിക്കൊന്നും മനസ്സിലായിരുന്നില്ല

അയാള്‍ ഴാങ്ങ് പോള്‍ സാര്‍ത്രിനെ,
ആല്‍ബേര്‍ കാമുവിനെ,
ഫ്രെഡ്രിക് നിഷെയേ കുറിച്ച് പറഞ്ഞു
പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍
വായനയുടെ ആകാശപ്പരപ്പില്‍
ഞാനെന്നെ തേടിയലഞ്ഞു
വെറുതെ താടി രോമങ്ങള്‍ വളര്‍ന്നതല്ലാതെ
മറ്റൊന്നും ഉണ്ടായില്ല

എഴുപതുകളിലെ ക്ഷുബ്ദയവ്വനം
വസന്തത്തിന്‍റെ ഇടിമുഴക്കം പ്രഖ്യാപിച്ചു
തോക്കിന്‍ കുഴലില്‍ പറ്റിപിടിച്ച നിണപ്പാടുകള്‍ തുടച്ച്
അവര്‍ ഗുഹാമുഖത്തേക്ക്
കരിഞ്ഞ ആമാശയത്താല്‍
ചത്ത ആവേശവുമായി യാത്രയായി
താടിരോമങ്ങള്‍ പിന്നെയും വളര്‍ന്നു

ആഗോളീകരണത്തിന്‍റെ
വശപ്പെടുത്തലുകളെ വശംകെടലുകളെ കുറിച്ച്
അടുക്കളയിലേക്കു നീണ്ടു വരുന്ന കാണാച്ചരടുകളെ കുറിച്ച്
വാതോരാതെ അയാള്‍ പ്രഭാഷണം ചെയ്തു
ഞാന്‍ ഉച്ചത്തില്‍ കയ്യടിച്ചു
എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല

അസ്ത്വിതം തേടിയുള്ള ഈ യാത്രയില്‍
എനിക്ക് ലഭിച്ചത് നിസ്സംഗതയില്‍ പൊതിഞ്ഞ
ബൊഹീമിയത്വമാണ്
പ്രതിഷേധത്തിന്‍റെയും നിരാശയുടെതുമായ
നോവും നൊമ്പരവും ആണ്

എന്ത് പഠിച്ചു എന്ന ചോദ്യത്തിന്
ഒന്നും പഠിച്ചില്ല എന്ന ലളിതമായ ഉത്തരം തരുന്ന
സാമൂഹ്യ പരിസരത്തു നിന്ന്
തീയും നോവും നൊമ്പരവും ചേര്‍ത്തു
ഞാനെന്‍റെ താടിരോമങ്ങളെ നീട്ടി തടവി
ഇതുമൊരു ജീവിതം എന്ന് സമാശ്വസിച്ചു .
.......................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185