Saturday, January 12, 2013

വായിക്കപ്പെടാത്ത പുസ്തകം

വായിക്കപ്പെടാത്ത പുസ്തകം
......................................................................................



ഉരുട്ടിയെഴുതുക
വരികള്‍ക്കിടയില്‍
ഒതുക്കത്തോടെ എഴുതുക
അമ്മ അതുപറഞ്ഞപ്പോള്‍
കയ്യെഴുത്ത് നന്നാവാ
നായിരിക്കുമെന്ന് അവള്‍ കരുതി

പ്രായമേറെക്കഴിഞ്ഞില്ല
അമ്മ പറഞ്ഞതിന്റെ
മറ്റേ പൊരുളെന്തെന്ന്
അവളറിഞ്ഞു ..

തലക്കരുത്തും തടിക്കരുത്തും
തനിക്കരുത്തും ആണിനതാവാം
പെണ്ണിനത്രേം വേണോ ?
അച്ഛന്‍ സംശയിച്ചു ..
അവള്‍ വെറുതെ ചിരിച്ചതേയുള്ളൂ

ഒറ്റക്കാലില്‍ നില്‍ക്കണം
ഭര്‍ത്താവതു പറഞ്ഞപ്പോള്‍
അവള്‍ കരുതി
സ്നേഹം കൊണ്ടായിരിക്കണം
കാലം അധികമുരുണ്ടില്ല
രണ്ടുകാലിലവള്‍ നിവര്‍ന്നു നിന്നാല്‍
ആകാശം ഇടിഞ്ഞുവീഴുമത്രേ

മുനപൊട്ടി തേഞ്ഞുപോയ
കുറ്റിപ്പെന്‍സിലില്‍ നിന്നും
വഴുതിപ്പോയ അക്ഷരങ്ങള്‍ ചേര്‍ത്ത്
അവളൊരു പുസ്തകം രചിച്ചു
ആരും കാണാതിരിക്കാന്‍
വെളിച്ചത്തില്‍ നിന്നും മറച്ചു പിടിച്ചു
.............................................................

No comments:

Post a Comment