Wednesday, August 5, 2015

അ 'യെന്നൊരക്ഷരം കളവുപോയപ്പോൾ

അ 'യെന്നൊരക്ഷരം കളവുപോയപ്പോൾ
--------------------------------------------------------------

കവിത
ടി.സി.വി.സതീശൻ

മച്ചകത്തായിരുന്നൊളിപ്പിച്ചുവെച്ചതു,
ഇരുളുംവെയിലുമറിയാതൊ,രുച്ചയ്ക്കു
വായ്പ്പൊതി കെട്ടി കുടങ്ങളിലാക്കി,
അമ്പത്തിയൊന്നക്ഷരങ്ങൾ മറച്ചു വെച്ചു

ഭാസ്കരൻ കിഴക്കുണർന്നതേയുള്ളൂ,
ആദ്യമുണർന്നതിന്നും നീലാംബരി തന്നെ,
അവൾ മകളെ വിളിച്ചെന്നെയും വിളിച്ചു

മച്ചകത്തിന്റെ,താഴാരോ പൊളിച്ചിരിക്കുന്നു
കത്തികൊണ്ടു കുത്തിനോവിച്ചിട്ടുണ്ട്
രാത്രിയായിരിക്കണം അവർ വന്നതു,
രാത്രിയാറും മുന്നേ പോയിക്കാണണം

ആര്?
മകൾ ചോദിച്ചു

കള്ളൻ ..
നീലാംബരി കിതയ്ക്കുന്നു
'അ'യില്ലാതൊരടുപ്പകത്തു പുകയുന്നു

' അവർ '
ബഹുവചനമല്ലേ ?

ഒന്നിൽ കൂടുതൽ ആളുണ്ടായിരിക്കണം
പ്രൈമറിക്ലാസ്സിൽ മലയാളം പഠിപ്പിക്കുന്ന
ഞാൻ,മകളുടെ സംശയമപ്പാടെ തീർത്തതും 

അക്ഷരവൈരിയാകാശത്തു പാറിപ്പറന്നു
ഇരതേടുമാ പ്രാപ്പിടിയൻ കൊത്തിയെടുത്തതു
 ' അ ' യെന്നയാദ്യാക്ഷരമല്ലോ,
മമ അംഗഭംഗം വന്ന്  മാതൃഭാഷ
ഉള്ളിലെ വിങ്ങല് തേങ്ങി,തേങ്ങിത്തീർത്തു

കട്ടോണ്ടുപോയവൻ ചുട്ടുതിന്നോട്ടെയെന്നു,
തുഞ്ചത്തൊരു കിളി വീണ്ടും കരഞ്ഞു
ഉണ്ടില്ലു,റങ്ങിയില്ലന്നാരുമേ,
നേരംവേളുക്കേ ഭാഷപോലുമില്ലാതാവു,മീ
ലോകത്തു,ഉണ്ണാവൃതം, ഉറങ്ങാവൃതം
നോറ്റിരിരുന്നവർ രാപ്പകൽ വെളുപ്പിച്ചു
അ പോയപ്പോൾ അമ്മ പോയി
അമ്മപോയപ്പോൾ അമ്മി പോയി,
അമ്മിക്കുട്ടിയും പോയി ...
അച്ഛനിറങ്ങവേ അറിവിന്റെ അലിവുമിറങ്ങി

അ -
അമ്മയാണ,ച്ഛനാണ്
അലിവാണറിവാണു,അരമാണ്
അമ്മക്കരച്ചിലിൽ മക്കളും കരഞ്ഞു
പൈതൃകം,പൈതൃകം കട്ടോണ്ടുപോയല്ലോ

അമ്പതുകൊണ്ടു നീ,
അമ്പതിനായിരത്തെയൂട്ടുക
ഉള്ളതു ഓണമായുണ്ണുക മലയാളമേ,
തത്ക്ഷണം ഗസറ്റിൽ വിജ്ഞാപനമായതു,
ടിപ്പണി ഭാഷയിലക്ഷരമൊന്നു കുറഞ്ഞു .
-------------------------------------------------------------------------------------
* നീലാംബരി  രാഗമാണ് താരാട്ടിന് സാധാരണ ഉപയോഗിക്കാറുള്ളത്.
------------------------------------------------------------------------------------
ടി.സി.വി.സതീശൻ
ശ്രീരേഖ , അന്നൂർ , പയ്യന്നൂർ - 670307
മൊബൈൽ നമ്പർ ...... 9447685185

Wednesday, February 12, 2014

പാസ്സഞ്ചർ ട്രെയിനിലെ ഒരു സാധാരണ യാത്രക്കാരി
................................................................................

 

ഇരിക്കുന്നൂ ,
ഒരു മാന്യനടുത്തു -
തൂവെള്ള വസ്ത്രത്തിൽ പൊതിഞ്ഞ്,
ശശിബിംബം പോൽ ചിരിച്ചിടുന്നു

തിരക്കേറുന്നൂ തീ പേറും വണ്ടിയിൽ,
ചിലമ്പിച്ച ബോഗികൾ ഇരുളിലേക്കു പായുന്നു,
ഒരു ദൃഡ പേശിയെൻ മാറിലേക്കു ചായുന്നു
ഒളിക്കണ്ണിൽ തെളിയുന്നൂ നിലാവെളിച്ചം

അടുത്തിരിക്കുന്നവന്റെ വായനാറ്റം,അവൻ -
തുറിച്ച കണ്ണിലെ കാമക്കുരുക്ക്,വിയർപ്പുനാറ്റം
തുരുമ്പിച്ച ബോഗികളിൽ തീ വേവുന്നു,
തുരുമ്പെടുക്കുന്നൂ നിശ്വാസങ്ങൾ വെന്തുടയുന്നു

അരക്കെട്ടിൽ / മടിക്കുത്തിൽ ചൊറിയുന്നൂ,
നഖങ്ങൾ കോറുന്നു അവൻ തിരക്കിലെന്നോണം
അകലേക്കു നിന്നപ്പോൾ മറ്റൊരുവൻ കൈകൾ
ചലിക്കുന്നു ധ്രുത താളത്താൽ തൻ നിതംബത്തിൽ

ഇരിക്കപ്പൊറുതിയില്ല,
പെണ്ണിവൾക്കു നിക്കപ്പൊറുതിയുമില്ല,
ഇരുട്ടിലേക്കു തീ തുപ്പി തീവണ്ടി പായുന്നു
വിളിപ്പാടകലത്തു ഒരു സ്റ്റേഷൻ തെളിയുന്നില്ല
ഇറങ്ങാനുള്ള സ്റ്റേഷന് പതിവിലും അധികദൂരം

ജീവിതം പോൽ ദുഷ്ക്കരം ദുരിത പൂർണ്ണമീ യാത്ര,
തുരുമ്പിച്ച വണ്ടിയിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തീരുന്നു

Sunday, September 8, 2013

പെയ്തിറങ്ങിയ നിലാവും കടം വാങ്ങിയ കട്ടിലും ..

പെയ്തിറങ്ങിയ നിലാവും
കടം വാങ്ങിയ കട്ടിലും ..
..............................
..........................
കവിത
ടി . സി . വി . സതീശൻ

ഓട്ടവീണ ആകാശത്ത്‌
നക്ഷത്രങ്ങൾ ക്ഷോഭിച്ചു
'നിലാവ് ' ഇതെന്റെ ഔദാര്യമാണ്‌
ഇരുമ്പാണികൾ തറച്ച മരക്കുരിശിൽ
യേശുദേവന്റെ ദേഹം ഒന്നുകൂടി പുളഞ്ഞു
ആഗോളീകരിച്ച സ്വപ്നങ്ങൾ
ഉദാരീകരണത്തിന്റെ കയറ്റു കട്ടിൽ
കടംകൊണ്ട കിടപ്പു കട്ടിലിൽ -
ഞാനാകാശത്തെ നോക്കി കിടന്നു
മിന്നുന്ന താരകങ്ങൾ മിന്നല് പൊഴിക്കുന്നു
നിലാവുകൊണ്ട് ഓട്ടയടച്ച ആകാശം
മുഖത്തു ചായം തേച്ച മാലാഖമാർ
സ്വർഗ്ഗസ്ഥനായ പിതാവ് വാഴ്ത്തപ്പെട്ടു

ആകാശത്തെ പാമ്പ് വിഴുങ്ങി
മിന്നൽ ഇടിക്കായി കാത്തുനിന്നില്ല
മഴയ്ക്കു മുമ്പേ ആടിത്തീർക്കേണ്ടതിനാൽ
ഒപ്പത്തിനൊപ്പം ചൂട്ടുകുത്തി ചെണ്ടകൊട്ടി


പാതിരാത്രി തീർന്നില്ല -
കടം വാങ്ങിയ കട്ടിലിന്റെ കാലൊടിഞ്ഞു
ഉയിർത്തെഴുന്നേൽപ്പു കാത്തു
മരക്കുരിശിൽ പിതാവ് വേദനിച്ചു പുളയുന്നു
'നിനക്കിത്രയും മതി - '
നക്ഷത്രങ്ങൾ നിലാവിനെ മടക്കിവിളിച്ചു
മാലാഖമാർ വന്നവഴിയേ തിരിച്ചുപോയി
തുളവീണ ആകാശം നിലം പൊത്തി ..

..............................................................................

ടി . സി . വി . സതീശൻ
ശ്രീരേഖ
അന്നൂർ ( പോസ്റ്റ്‌ )
പയ്യന്നൂർ - 670307
മൊബൈൽ : 9447685185

Monday, January 21, 2013

വിധിയും വിചാരവും

വിധിയും വിചാരവും 
.........................................................................................
 കവിത
ടി.സി.വി.സതീശന്‍



കോടതിമുറിയില്‍
വിചാരണവേളയില്‍
പെണ്‍പൂച്ച മോങ്ങി
മ്യാവൂ ..

പറക്കമുറ്റ വവ്വാലുകള്‍
കറുത്ത ചിറകുകളടിച്ച്
മുനകൂര്‍ത്ത വാദങ്ങള്‍ തീര്‍ത്തു
"കടുത്ത ശിക്ഷ വേണം "

നഗരവേഗതയുടെ
സൂചിമുനകളൊടിച്ചതും
വാഹനങ്ങള്‍ തമ്മിലിടിപ്പിച്ചതും
ജനത്തെ ചിതറിയോടിച്ചതും പെണ്‍പൂച്ച
"ചാവുംവരെ കഴുത്തില്‍ കയര്‍ കുടുങ്ങണം "

മ്യാവു .. മ്യാവൂ
പെണ്‍പൂച്ച വീണ്ടും വിതുമ്മി

റോഡിനു കുറുകെ ചാടിയത്
പ്രാണഭയം കൊണ്ട് ..
ജീവഭയം കൊണ്ട് ..
ഒളിച്ചിരുന്ന ആണ്‍പൂച്ചകള്‍
ഭയം വിതച്ചതിനാല്‍

വിസ്താരമൊഴികള്‍ തീര്‍ന്നു
വിധിയിങ്ങിനെ ..

പെണ്‍പൂച്ചകള്‍ക്ക്
റോഡ്‌ സുരക്ഷാ നിയമങ്ങള്‍
പഠിപ്പിച്ചു കൊടുക്കുക
രാത്രി സഞ്ചാരമരുത്

മ്യാവു .. മ്യാവൂ
കോടതി പിരിഞ്ഞു
ആണ്‍പൂച്ചകള്‍ക്ക്
പുതിയ ആകാശം തേടി
കറുത്ത ചിറകുകളില്‍
വവ്വാലുകള്‍ ഉയരങ്ങളിലേക്ക് പറന്നു .
..............................

............................

ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ്‌ : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185

Wednesday, January 16, 2013

കാറ്റ് പുഴയോടും മഞ്ഞിനോടും പറഞ്ഞത്

കാറ്റ് പുഴയോടും മഞ്ഞിനോടും പറഞ്ഞത്

.................................................................................................................


 
 
ആര്‍ത്തുമദിച്ച യൗവ്വനത്തില്‍
ഉഷ്ണപ്പുണ്ണു പിടിച്ച വാര്‍ദ്ധക്യത്തെ
നീ കണ്ടിരുന്നില്ല
ആറ്റുമണലൂറ്റിയ നിന്റെ കാമുകന്‍
ഊറ്റിയെടുത്തത്
നിന്നെ തന്നെയാണെന്നതും നീയറിഞ്ഞില്ല

മഞ്ഞേ ..
തലയില്‍ ചൂട് പുകയുമ്പോള്‍
നീയവന് കുളിരായി
നിന്റെ കുളിരില്‍
അവന്‍ മറ്റൊരു ചൂട് തേടിയത് നീയറിഞ്ഞില്ല
അപ്പോഴും നീ
മഞ്ഞാണ് , കുളിരാണ് എന്നഹങ്കരിച്ചു

കാലം പഴയതല്ല
കണ്‍വെട്ടത്തു കാണുന്നതെല്ലാം സത്യവുമല്ല
സൂര്യന്റെ ചൂടിനെ പകല് മറച്ചുവെയ്ക്കുകയാണ്
രാവും പകലും ഇരുളായി തീരുകയാണ്
പുഴ പുഴയും മഞ്ഞ് മഞ്ഞുമായിരിക്കുക
ആര്‍ദ്രത വേവുന്ന തീയിലെക്കുള്ള
താക്കോല്‍ പഴുതാണെന്ന് അറിഞ്ഞിരിക്കുക .

..............................................................................

Saturday, January 12, 2013

അരിമണികളും അരിപ്രാവുകളും

അരിമണികളും അരിപ്രാവുകളും
....................................................................................

ടി.സി.വി.സതീശന്‍



മുറ്റത്ത് ത്രാവിയിട്ട
നെല്ലുചിനക്കുമ്പോള്‍
അരിപ്രാവുകളുടെ ഉള്ളില്‍
അരിമണികളായിരുന്നു
അന്നത്തെ അന്നാഹാരമായിരുന്നു

മടിക്കുത്തഴിഞ്ഞപ്പോള്‍
നാഭിയില്‍ കൈയ്യമര്‍ന്നപ്പോള്‍
അയാള്‍ക്ക്‌ കാളയുടെ കരുത്ത്
വിയര്‍പ്പില്‍ കുളിര്‍ത്ത
അവളുടെ ഉള്ളില്‍ ..
അന്നത്തെ അരിയാഹാരമായിരുന്നു

അന്നേക്കുപോലും
തികച്ചുണ്ണാന്‍ അവള്‍ക്കായില്ല
അരിപ്രാവുകള്‍ക്കും ..
നെല്ല് ചിനച്ചതും ഉടുമുണ്ടഴിച്ചതും
അന്നേരത്തെ അരിയാഹാരത്തിന്

അപ്പം ചുട്ടപ്പോള്‍
കണ്ണന്‍ ചിരട്ടയ്ക്ക്‌ സന്ദേഹം
കുട്ടിയ്ക്ക് വിശക്കുന്നുണ്ടാവുമോ ?
കളിമണ്ണു കൊണ്ട് വയറ്റിലെ തീ
കെടുത്താനുള്ള വിദ്യ എനിക്കറിയില്ലല്ലോ?
കണ്ണില്‍ ആര്‍ത്തി പെയ്തിറങ്ങിയ
കുട്ടി കൈകൊണ്ട് വയറു തടവി

വെളുത്ത അരിമണികള്‍
പശിയടക്കിയ വയര്‍
ഇരുട്ടകന്ന അടുക്കള ..
അരിപ്രാവുകള്‍ ക്രാവി
കുട്ടി വയറ്റത്തടിച്ചു
ഉടുമുണ്ടഴിയാതിരിക്കാന്‍
അവള്‍ ചേല മുറുക്കിപ്പിടിച്ചു
..............................
............................

വായിക്കപ്പെടാത്ത പുസ്തകം

വായിക്കപ്പെടാത്ത പുസ്തകം
......................................................................................



ഉരുട്ടിയെഴുതുക
വരികള്‍ക്കിടയില്‍
ഒതുക്കത്തോടെ എഴുതുക
അമ്മ അതുപറഞ്ഞപ്പോള്‍
കയ്യെഴുത്ത് നന്നാവാ
നായിരിക്കുമെന്ന് അവള്‍ കരുതി

പ്രായമേറെക്കഴിഞ്ഞില്ല
അമ്മ പറഞ്ഞതിന്റെ
മറ്റേ പൊരുളെന്തെന്ന്
അവളറിഞ്ഞു ..

തലക്കരുത്തും തടിക്കരുത്തും
തനിക്കരുത്തും ആണിനതാവാം
പെണ്ണിനത്രേം വേണോ ?
അച്ഛന്‍ സംശയിച്ചു ..
അവള്‍ വെറുതെ ചിരിച്ചതേയുള്ളൂ

ഒറ്റക്കാലില്‍ നില്‍ക്കണം
ഭര്‍ത്താവതു പറഞ്ഞപ്പോള്‍
അവള്‍ കരുതി
സ്നേഹം കൊണ്ടായിരിക്കണം
കാലം അധികമുരുണ്ടില്ല
രണ്ടുകാലിലവള്‍ നിവര്‍ന്നു നിന്നാല്‍
ആകാശം ഇടിഞ്ഞുവീഴുമത്രേ

മുനപൊട്ടി തേഞ്ഞുപോയ
കുറ്റിപ്പെന്‍സിലില്‍ നിന്നും
വഴുതിപ്പോയ അക്ഷരങ്ങള്‍ ചേര്‍ത്ത്
അവളൊരു പുസ്തകം രചിച്ചു
ആരും കാണാതിരിക്കാന്‍
വെളിച്ചത്തില്‍ നിന്നും മറച്ചു പിടിച്ചു
.............................................................